The Enforcement Directorate (ED) has launched massive raids across ten locations, including the residences of former Chief Minister and Opposition Leader Pinarayi Vijayan and CMRL offices, in connection with the CMRL pay-off case. The surprise searches have triggered strong political backlashes and widespread protests from CPM workers across Kerala, leading to tense standoffs with the police. As the ED records statements from Pinarayi Vijayan’s daughter, Veena Vijayan, CPM leaders like Bineesh Kodiyeri and Muhammad Riyas have heavily criticized the move, terming it a politically motivated witch-hunt and alleging a clandestine tie-up between UDF and BJP.
മലയാളം വാർത്ത (Full Malayalam Article)
മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ്; സംസ്ഥാനവ്യാപകമായി സിപിഎം പ്രതിഷേധം
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലും സിഎംആർഎൽ ഓഫീസിലും അടക്കം പത്തിടങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഒരേസമയം റെയഡ് നടത്തുകയാണ്. ഈ അപ്രതീക്ഷിത നീക്കത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉയർന്നുകഴിഞ്ഞു.
റെയ്ഡ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ ആരോപണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. വി.ഡി. സതീശൻ പ്രധാനമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതെന്ന് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഈ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഒത്തുകളി ഉണ്ടെന്നാണ് ബിനീഷിന്റെ ആരോപണം. പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നും, മടിയിൽ കനമില്ലാത്ത അദ്ദേഹം മരണം വരെ സിപിഎം ആയിരിക്കുമെന്നും ബിനീഷ് കോടിയേരി പരിഹസിച്ചു. ഏതെങ്കിലും കോൺഗ്രസുകാരന്റെ വീട്ടിൽ പോയി റെയ്ഡ് നടത്തിയാൽ ഇഡി മടങ്ങി വരുന്ന വഴിക്ക് ബിജെപിക്ക് ഒരു പുതിയ നേതാവിനെ കൂടെ കിട്ടുമെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ട് ബിനീഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഇതിനിടെ ഇഡി റെയ്ഡിനെതിരെ രാഷ്ട്രീയ പ്രതിരോധവുമായി മുൻമന്ത്രി മുഹമ്മദ് റിയാസും രംഗത്തുവന്നു. “വളഞ്ഞിട്ട് അടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും ഈ രാഷ്ട്രീയ വേട്ടയാടലിനെതിരെ പോരാടുമെന്നും മുഹമ്മദ് റിയാസ് തന്റെ നിലപാട് വ്യക്തമാക്കി. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും നിലവിൽ ഇഡി പരിശോധന നടത്തുന്നുണ്ട്. അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി ഇഡി രേഖപ്പെടുത്തുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് ഉദ്യോഗസ്ഥർ വീണയുടെ മൊഴിയെടുക്കുന്നത്.
അപ്രതീക്ഷിത റെയ്ഡ് നടക്കുന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള സിപിഎം പ്രതിഷേധമുണ്ട്. റെയ്ഡ് വാർത്ത പരന്നതോടെ നൂറുകണക്കിന് സിപിഎം നേതാക്കളും പ്രവർത്തകരും പിണറായിയിലെ വീടിനു മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തുകയായിരുന്നു. കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കുമെതിരെ വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ സുരക്ഷാവലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസുമായി വലിയതോതിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. നിലവിൽ ഈ പ്രദേശത്ത് വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പിണറായി വിജയനെയോ സിപിഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാണിച്ച് ഭയപ്പെടുത്താൻ ആകില്ലെന്നും, പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ഈ വേട്ടയാടലിന് പിന്നിൽ യുഡിഎഫിന് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി എക്സ് പ്ലാറ്റഫോമിലൂടെ പ്രതികരിച്ചു. റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. രാഷ്ട്രീയമായും നിയമപരമായും ഈ നീക്കത്തെ പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ഈ റെയ്ഡും അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.